ജില്ലാ ആശുപത്രിയിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണം: വടകര താലൂക്ക് വികസന സമിതി യോഗം

news image
Sep 2, 2023, 5:09 pm GMT+0000 payyolionline.in

 

വടകര: ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സത്വര നടപടി എടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാർഡിയോളജി വിഭാഗം ഡോക്ടറെ നിയമിക്കണമെന്ന് സമിതി അംഗം പി സുരേഷ് ബാബുവും ആദ്യ പ്രസവം നടത്താൻ സൗകര്യം ഒരുക്കണമെന്ന് സമിതി അംഗം പി എം മുസ്തഫയും ആവശ്യപ്പെട്ടു. നിലവിൽ ജില്ലാ ആശുപത്രിയാണെങ്കിലും താലൂക്ക് ആശുപത്രിയുടെ സൗകര്യം മാത്രമാണ് ഉള്ളതെന്ന് യോഗത്തിൽ പരാതി ഉയർന്നു. ആശുപത്രിയുടെ പദവിയെ ചൊല്ലി ഏറെ നേരം വാക്‌പ്പോര് നടന്നു. വടകരയിൽ സ്ഥാപിച്ച കളരി അക്കാദമിയുടെ പ്രവർത്തനം കാര്യക്ഷമമാക്കമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കളരി അക്കാദമി പേരിൽ മാത്രമായെന്ന് സമിതി അംഗം പ്രദീപ് ചോമ്പാലയും പി പി രാജനും യോഗത്തിൽ പറഞ്ഞു.

താലൂക്ക് വികസന സമിതി യോഗം

നേരത്തെ നല്ല നിലയിൽ പ്രവർത്തനം നടന്നുവെങ്കിലും ഇപ്പോൾ എല്ലാം ഫയലിൽ മാത്രമായെന്ന് ആക്ഷേപം ഉയർന്നു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൈനാട്ടി, പെരുവാട്ടുംതാഴ, അടക്കാത്തെരു, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഗതാഗത തടസം നടക്കുന്നതായി സമിതി അംഗം ബാബു ഒഞ്ചിയം പറഞ്ഞു . ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെ കെ രമ എം എൽ എ പറഞ്ഞു. ബസുകളുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് സമിതി അംഗം ബാബു പറമ്പത്ത് പറഞ്ഞു. ഇക്കാര്യത്തിൽ ഇടപെടുമെന്ന് ട്രാൻസ്‌പോർട്ട് അധികൃതർ പറഞ്ഞു. താലൂക്കിലെ നെൽകർഷർക്ക് താങ്ങുവില ലഭ്യമാക്കണമെന്നും ആവശ്യമുയർന്നു. കെ കെ രമ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി കെ അഷ്‌റഫ് (മണിയൂർ), പി ശ്രീജിത്ത് (ഒഞ്ചിയം), പി പി ചന്ദ്രശേഖരൻ(ചോറോട്), വടകര മുൻസിപ്പൽ വൈസ് ചെയർമാൻ പി സജിത്ത് കുമാർ സമിതി അംഗങ്ങളായ പി സുരേഷ് ബാബു, പി പി രാജൻ, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, പി എം മുസ്തഫ, എൻ കെ സജിത്ത്, ടി പി ഗംഗാധരൻ, വി പി അബ്ദുള്ള, ബാബു പറമ്പത്ത്, പുറന്തോടത്ത് സുകുമാരൻ, കല ഭാസ്‌ക്കരൻ, ടി കെ ദിവീഷ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe