തുറയൂർ: എല്‍ഡിഎഫ് ഭരിക്കുന്ന തുറയൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പയ്യോളി അങ്ങാടി- കീഴരിയൂർ ബണ്ട് റോഡിന്റെ പണി വേഗം പൂർത്തീകരിക്കുക, പഞ്ചായത്തിലെ മുഴുവൻ റോഡുകളുടേയും ശോചനീയാവസ്ഥ പരിഹരിക്കുക, ആധുനിക രീതിയിലുള്ള പൊതു ശ്മശാനം നിർമിക്കുക എന്നീ ആവശ്യങ്ങള്‍ ഉയർത്തിയാണ് സിപിഐ തുറയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. 13 അംഗങ്ങളുള്ള തുറയൂര്‍ പഞ്ചായത്ത് ഭരണസമിതിയില്‍ സിപിഎമ്മിന് ആറും എല്‍ജെഡിക്ക് രണ്ടും അംഗങ്ങള്‍ ആണുള്ളത്. സിപിഐക്ക് പ്രതിനിധികളില്ല. സിപിഎമ്മിലെ സികെ. ഗിരീഷന് പ്രസിഡണ്ടും എല്‍ജെഡിയിലെ ശ്രീജ മാവുള്ളാട്ടില്‍ വൈസ് പ്രസിഡന്റുമായ ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.
ധർണ്ണ സി പി ഐ മണ്ഡലം കമ്മിറ്റി മെമ്പർ പിടി ശശി ഉദ്ഘാടനം ചെയ്തു. പി അശോകൻ , മഠത്തിൽ സുരേന്ദ്രൻ, വാഴയിൽ കുഞ്ഞിരാമൻ, വെട്ടുകാട്ടിൽ അബ്ദുള്ള എന്നിവർ സംസാരിച്ചു. കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. കെ.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.