വിമാനടിക്കറ്റ് നിരക്ക് വർധന താൽക്കാലികം ; ഇടപെടാനില്ലെന്ന് കേന്ദ്രം

news image
Jul 26, 2023, 9:26 am GMT+0000 payyolionline.in

ന്യൂഡൽഹി> നിലവിലെ വിമാനനിരക്ക് വർദ്ധനവ് നിയന്ത്രിക്കുന്നതിന് നേരിട്ടിടപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെയുണ്ടായ വർദ്ധനവ് താൽക്കാലികമാണെന്നും സീസൺ ആയതുമൂലവും ആവശ്യത്തിനനുസരിച്ച് സീറ്റുകൾ ഇല്ലാത്തതും വിമാന ഇന്ധന വില ഉയർന്നതുമാണ് നിരക്ക് വർദ്ധനവിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

തിരഞ്ഞെടുക്കുന്ന സെക്ടറുകളിൽ നിരക്കുകൾ നിരീക്ഷിക്കാറുണ്ടെന്നും എന്നാൽ കോവിഡിന് മുമ്പുള്ള നിരക്കും നിലവിലെ നിരക്കും തമ്മിലെ താരതമ്യം സംബന്ധിച്ചുള്ള കണക്കുകൾ ശേഖരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കോമ്പറ്റീഷൻ നിയമങ്ങൾ പ്രകാരം മത്സര സ്വഭാവത്തിലല്ലാതെയുള്ള പ്രവർത്തനങ്ങൾ വിമാനക്കമ്പനികളുടെ ഭാഗത്തുനിന്നും ഉണ്ടാകുകയാണെക്കിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് ഇടപെടാമെന്നല്ലാതെ വിപണിയിലെ ഡിമാന്റ് അനുസരിച്ച്  വിവിധ റൂട്ടുകളിൽ നിരക്കുകൾ ഉയരുന്നത് കമ്പോള സ്വഭാവമാണെന്നും അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

എന്ത് ന്യായവാദങ്ങൾ നിരത്തിയാലും അമിത നിരക്ക് വർദ്ധനവ് നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്വം കേന്ദ്ര ഗവൺമെന്റിനു തന്നെയാണെന്നും അതിനു വേണ്ട സത്വര നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe