കോഴിക്കോട്: കനത്ത മഴയെ തുടർന്ന് ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ കോഴിക്കോട് വിലങ്ങാട് മേഖലയിലെ ജനങ്ങളെ ഉടൻ മാറ്റിത്താമസിപ്പിക്കാൻ കളക്ടറുടെ ഉത്തരവ്. വിലങ്ങാടിന് പുറമേ വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരെയും സുരക്ഷിത സ്ഥലങ്ങലിലേക്ക് മാറ്റണമെന്ന് കളക്ടർ ഉത്തവിട്ടു. പ്രദേശവാസികളെ മാറ്റിത്താമസിപ്പിക്കുന്നതിനും ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി വടകര ആർഡിഒയെയും വടകര തഹസിൽദാറെയും ചുമതലപ്പെടുത്തി.
വാണിമേൽ, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അധികൃതർ വടകര തഹസിൽദാർക്കൊപ്പം ചേർന്ന് പ്രദേശത്തെ സുരക്ഷിതമായ സ്കൂളുകളോ മറ്റ് പൊതുകെട്ടിടങ്ങളോ കണ്ടെത്തി ക്യാമ്പുകൾ ഉടൻ സജ്ജമാക്കണമെന്നും നിർദ്ദേശമുണ്ട്. ക്യാമ്പുകളിൽ കൃത്യമായ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, ശുചിമുറി സൗകര്യങ്ങൾ, മെഡിക്കൽ സഹായം എന്നിവ ഉറപ്പാക്കണം. ഒഴിപ്പിക്കൽ നടപടികൾക്ക് ആവശ്യമായ പൊലീസിനെ വിന്യസിക്കാനും ക്യാമ്പുകൾക്കും ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്കും സുരക്ഷ നൽകാനും ജില്ലാ പൊലീസ് മേധാവിക്ക് (കോഴിക്കോട് റൂറൽ) നിർദ്ദേശം നൽകി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ടീമുകൾ ക്യാമ്പുകളിൽ നേരിട്ടെത്തി പരിശോധന നടത്തുകയും അടിയന്തര മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണമെന്നും കളക്ടർ നിർദ്ദേശിച്ചു.
വിലങ്ങാട് മേഖലയിലെ മലയോര റോഡുകളിലൂടെ രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ അടിയന്തര ആവശ്യങ്ങൾക്കൊഴികെയുള്ള യാത്രകൾ നിരോധിച്ചു. അപകട മേഖലകളിലുള്ളവർ അധികൃതരുടെ നിർദ്ദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
