പയ്യോളി: ഹരിത കേരള മിഷൻ സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപാധികൾ തിക്കോടിയൻ സ്മാരക ജി വി എച്ച് എസ് എസ് പയ്യോളിയിലെ ഹയർ സെക്കന്ററി വിദ്യാർത്ഥിനികൾക്കായി കൈമാറി. മെൻസ്ട്റുവൽ കപ്പ് വിതരണ ഉദ്ഘാടനം തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ നിർവഹിച്ചു.

മെൻസ്ട്റുവൽ കപ്പ് നൽകുന്നത് വഴി ആർത്തവ ശുചിത്വം ഉറപ്പാക്കാനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് മിഷൻ ലക്ഷ്യമിടുന്നത്. ജില്ലയിൽ 26 വിദ്യാലയങ്ങൾക്കായി സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററും 27 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങൾക്കും ജില്ലയിലെ 14 നെറ്റ് സീറോ തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്കുമായാണ് മെൻസ്ട്റുവൽ കപ്പ് വിതരണം ചെയ്യുന്നത്. വാർഡ് മെമ്പർ ശോഭ കിഴക്കൻകുളങ്ങര അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ എം.പി നിരഞ്ജന പദ്ധതി വിശദീകരിച്ച് ക്ലാസ് നയിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പൽ വി. നിഷ, എസ് ആർ ജി കൺവീനർ പി. ധന്യ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര സ്വാഗതവും ടി എം . അലീന നന്ദിയും പറഞ്ഞു.
